
ഓസ്ലോ: ഇന്ത്യൻ ചെസ് ലോകത്തിന് അഭിമാന നിമിഷം സമ്മാനിച്ച് ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ നോർവേ ചെസ് 2026 കിരീടം സ്വന്തമാക്കി. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ഇരുപതുകാരനായ പ്രഗ്നാനന്ദയുടെ പേരിലായി. അവസാന റൗണ്ടിൽ ജർമൻ ഗ്രാൻഡ്മാസ്റ്റർ വിൻസെന്റ് കീമറെ കീഴടക്കിയാണ് പ്രഗ്നാനന്ദ കിരീടം ഉറപ്പിച്ചത്. 18 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയ അദ്ദേഹം, ലോകത്തിലെ ഏറ്റവും ശക്തമായ ചെസ് ടൂർണമെന്റുകളിലൊന്നായ നോർവെ ചെസ്സിൽ ചരിത്രവിജയം കുറിച്ചു.
2013ൽ ആരംഭിച്ച നോർവേ ചെസിൽ ഇതുവരെ ഒരു ഇന്ത്യൻ താരത്തിനും കിരീടം നേടാനായിരുന്നില്ല. ഇന്ത്യൻ ചെസിന്റെ ഇതിഹാസമായ വിശ്വനാഥൻ ആനന്ദിനും നിലവിലെ ലോക ചാമ്പ്യൻ ഡി ഗുകേഷിനും സാധിക്കാതെ പോയ നേട്ടമാണ് പ്രഗ്നാനന്ദ സ്വന്തമാക്കിയത്. ടൂർണമെന്റിൽ മുൻ ലോക ചാമ്പ്യൻ മാഗ്‌നസ് കാൾസൺ, ഗുകേഷ് എന്നിവരെ പരാജയപ്പെടുത്തിയായിരുന്നു പ്രഗ്നാനന്ദയുടെ മുന്നേറ്റം. ടൂർണമെന്റിന്റെ പകുതി ഘട്ടത്തിൽ ചില തിരിച്ചടികൾ നേരിട്ടെങ്കിലും, പിന്നീട് ഉജ്ജ്വലമായ പ്രകടനത്തിലൂടെ പ്രഗ്നാനന്ദ പോയന്റ് പട്ടികയിൽ മുന്നിലെത്തുകയായിരുന്നു. അലിറെസ ഫിറൂജ, കാൾസൺ, ഡി. ഗുകേഷ് എന്നിവർക്കെതിരേ നേടിയ വിജയങ്ങളാണ് നിർണായകമായത്.
ഈ വർഷം ക്ലാസിക്കൽ ചെസിൽ മാഗ്നസ് കാൾസണെ രണ്ട് തവണ തോൽപ്പിക്കുന്ന ആദ്യ താരമെന്ന നേട്ടവും പ്രഗ്നാനന്ദ സ്വന്തമാക്കി. കൂടാതെ, ഒരു ടൂർണമെന്റിൽ കാൾസണെ രണ്ട് തവണ ക്ലാസിക്കൽ മത്സരങ്ങളിൽ പരാജയപ്പെടുത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലായി. മുമ്പ് ഈ നേട്ടം കൈവരിച്ചത് വിശ്വനാഥൻ ആനന്ദ് മാത്രമാണ്.
ഒമ്പതാം റൗണ്ടിൽ ഗുകേഷിനെതിരായ നിർണായക വിജയത്തിന് പിന്നാലെ കിരീടപ്പോരാട്ടത്തിൽ മുന്നിലെത്തിയ പ്രഗ്നാനന്ദ, അവസാന മത്സരത്തിലും വിജയം നേടി ചരിത്രം കുറിക്കുകയായിരുന്നു.
17 പോയിന്റോടെ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ വെസ്ലി സോ രണ്ടാം സ്ഥാനത്തെത്തി. അലിറെസ ഫിറൂജ (15.5 പോയിന്റ്) മൂന്നാം സ്ഥാനവും, മാഗ്‌നസ് കാൾസൺ (13 പോയിന്റ്) അഞ്ചാം സ്ഥാനവും നേടി. ഇന്ത്യൻ താരം ഡി. ഗുകേഷിന് ഈ ടൂർണമെന്റിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല.










